Saturday, February 6, 2010
യുഗപുരുഷന്‍: ഗുരുവിന്റെ ജീവിതത്തിലേക്കൊരു കണ്ണാടി
ആര്‍ സുകുമാരന്റെ സ്വപ്ന പദ്ധതിയായ യുഗപുരുഷന്‍ ശ്രീ നാരായണ ഗുരുവെന്ന നവോഥാന നായകന്‍റെ ജീവിതത്തിലേക്കൊരു എത്തി നോട്ടമാണ്. കടിച്ചാല്‍ പൊട്ടാത്ത ചരിത്ര വിശദീകരണങ്ങള്‍ ഇല്ല, അതുപോലെ തന്നെ മുഴുനീള എന്റര്‍റെയ്നെര്‍ ആയി വിലയിരുതാനുമാകില്ല. എങ്കിലും തീയറ്റരുകളില്‍ എത്തുന്ന സാധാരണ പ്രേക്ഷകന് ഒരിക്കലും ബോറടി ഈ സിനിമ നല്‍കില്ല. ഒപ്പം കേട്ടറിഞ്ഞ ഗുരു ചരിതത്തിന്റെ ചെറിയ ഒരു ഓര്‍മപെടുത്തലും.
നാരായണ ഗുരുവിന്റെ യുവത്വം മുതലുള്ള കഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്. തന്റെ മുന്നില്‍ നടക്കുന്ന ദുരാചാരങ്ങല്‍ക്കെതിരെ ശാന്തമായി എന്നാല്‍ ശക്തവും യുക്തവും ആയി പോരാടുന്ന നിരവധി സംഭവങ്ങള്‍ ഗുരുവിന്റെ ജീവിതം പറയുമ്പോള്‍ സ്ക്രീനില്‍ എത്തുന്നു. ഈഴവ ശിവനെ ആരാധനക്കായി സ്ഥാപിക്കുന്നതും വൈകം സത്യാഗ്രഹത്തിന് പിന്തുണ കൊടുക്കുന്നതും താഴ്ന്ന ജാതിക്കാര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതും ഒക്കെ ഇവയില്‍ ചിലത് മാത്രം.
ചിത്രത്തിന്റെ കഥ പറച്ചില്‍ ഒരുപാട് ആഴത്തില്‍ ഒന്നുമല്ല. ചെറിയ സംഭവങ്ങളിലൂടെ ആണ് കഥ നീങ്ങുന്നത്. എന്നാല്‍ ആഖ്യാന ശൈലി അധികം വേഗത തോന്നിക്കുന്ന മട്ടിലുമല്ല. ഇതൊരു പോരായ്മ ആയി ചിലര്‍ക്കെങ്കിലും അനുഭവപെടാമെങ്കിലും ഇത്തരത്തില്‍ യോഗീവര്യന്‍ ആയ ഒരു കഥാ നായകനെ അവതരിപ്പിക്കുമ്പോള്‍ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ വേണം എന്ന് വാശി പിടിക്കാനാകില്ലല്ലോ. എന്നിരുന്നാലും ഇടക്കൊക്കെ കെ സി കുട്ടന്‍, അയ്യങ്കാളി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ ഒരു കുറവും ഒരു പരിധി വരെ പരിഹരിക്കുന്നു.
അഭിനയം:
തലൈവാസല്‍ വിജയ്- ഗുരുവായി വേഷത്തിലും ഭാവത്തിലും ഇദ്ദേഹം ജീവിക്കുകയായിരുന്നു. വയസ്സായി ഉള്ള ഗെറ്റ് അപ്പില്‍ നാരായണ ഗുരു തന്നെ. ഏതെങ്കിലുമൊക്കെ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു പ്രതീക്ഷിക്കാം. തലൈവാസലിന്റെ തമിഴിലും പരസ്യങ്ങളിലും ഒക്കെ നമ്മള്‍ പണ്ട് കണ്ടിട്ടുള്ള അഭിനയം അല്ല ഈ ചിത്രത്തില്‍. കഥാപാത്രതിനനുസരിച്ചു ഏറെ മാറാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
മമ്മൂട്ടി- ഏറെ നേരമൊന്നും സ്ക്രീനില്‍ മമ്മൂട്ടി അവതരിപ്പിച്ച കെ സി കുട്ടന്‍ എന്നാ കഥാപാത്രം വരുന്നില്ല. എന്നാല്‍ വരുമ്പോള്‍ എല്ലാം വ്യക്തമായി ആ ഊര്‍ജവും സാന്നിധ്യവും അറിയിക്കാന്‍ കഴിയുന്നുണ്ട്. പുരോഗമന വാദിയായ കുട്ടന്‍ എന്ന കഥാപാത്രം മംമൂട്ട്യുടെ കൈയില്‍ ഭദ്രം.
സിദ്ധിക്ക്- പതിവ് പോലെ കിട്ടിയ വേഷം സിദ്ധിക്ക് മികച്ചതാക്കി. എന്നാല്‍ സ്ഥിരം അഭിനയ ശൈലിയില്‍ നിന്നൊരു മാറ്റം ഒന്നും തോന്നിയില്ല.
നവ്യ നായര്‍- കോരനെ സ്നേഹിച്ച സാവിത്രിയെന്ന സവര്‍ണ പെണ്‍കുട്ടിയായും അവളുടെ മകള്‍ ശാരദ ആയും ഇരട്ട വേഷം ആണ് നവ്യക്ക്. രണ്ടും അമിതാഭിനയം ഇല്ലാതെ മികച്ചതാക്കി.
ബാബു ആന്റണി- അയ്യന്‍കാളി ആയാണ് ബാബു ഈ ചിത്രത്തില്‍. കുറുവടി കൊണ്ടുള്ള ഒരു സംഘട്ടന രംഗവും അയ്യങ്കാളിക്ക് ഉണ്ട്.
കലാഭവന്‍ മണി- കോരന്‍ എന്ന പുലയന്റെ യൌവനവും വാര്‍ദ്ധക്യവും മണി മനോഹരം ആക്കി.
സഹോദരന്‍ അയ്യപ്പന്‍ ആയി ജിഷ്ണുവും ദേവനും എത്തുന്നുണ്ട്. അവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച്. ഗാന്ധിജി, ടാഗോര്‍, കുമാരനാശാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത നടന്മാരും അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തു. ഇടയ്ക്കു ജഗതി, കല്പന, സലിംകുമാര്‍, അരുണ്‍ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ എത്തുന്നുണ്ട്.
ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളും ഹൃദ്യമാണ്. രണ്ടിലും യേശുദാസിന്റെ ശബ്ദമാണ്. പശ്ചാത്തല സംഗീതം കൂടുതല്‍ നന്നാക്കാമായിരുന്നു. രാമചന്ദ്ര ബാബുവിന്റെ ക്യാമറയും സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതായി.
വര്‍ഷങ്ങള്‍ മനസ്സില്‍ താലോലിച്ചു സംവിധായകന്‍ ഒരുക്കിയ തിരക്കഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധ ച്ലുതിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മനോഹരവും ആകര്‍ഷകവും ആക്കാമായിരുന്നു. കഥയുടെ അന്ത്യത്തില്‍ ഗുരുവിന്റെ സമാധി രംഗം കൂടി ഉള്‍ക്കൊള്ളിക്കാം ആയിരുന്നു.
മൊത്തത്തില്‍ യുഗപുരുഷന്‍ പ്രേക്ഷകനെ വെറുപ്പിക്കാത്ത ഒരു ലളിതമായ, എന്നാല്‍ ഇന്നും ഏറെ പ്രസക്തമായ ഗുരു ദര്‍ശനങ്ങള്‍ ഓര്മപെടുത്തുന്ന സിനിമയാണ്. ഈ സിനിമയെ അതിന്റെതായ രീതിയില്‍ കാണുക, അതല്ലാതെ അടുത്ത കാലത്ത് വന്ന മറ്റു ചരിത്ര സിനിമകളുമായി താരതമ്യ പെടുത്താന്‍ ശ്രമിച്ചാല്‍ നിരാശയായിരിക്കും ബാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment