
ഇവിടം സ്വർഗമാണ്: ലളിതമായ ജീവിതക്കാഴ്ച
മണ്ണിനെ സ്നേഹിക്കുന്ന ഒരു ജൈവ കർഷകന്റെ ജീവിതം ആണ് ഇവിടം സ്വർഗമാണ് പറയുന്നത്. റോഷൻ ആൻഡ്രൂസ് –ജെയിംസ് ആൽബർട്ട്- മോഹൻലാൽ കൂട്ട് കെട്ട് എന്തായാലും പ്രേക്ഷകരെ നിരാശപെടുത്തില്ല എന്ന് ഉറപ്പ്.
പടം പതിഞ്ഞ താളത്തിലാണ് നീങ്ങുന്നതെന്നതു ചിലർക്കെൻകിലും പോരായ്മയായി തോന്നാം. എന്നാൽ ഈ കഥ പറയാൻ അത് അനുയോജ്യം ആയതിനാൽ ബോർ അടിക്കില്ലെന്നതു ഭാഗ്യം.
മാത്യൂസിനു മനോഹരമായ ഒരു ഫാം ഉണ്ട്. ജൈവ ക്രിഷിയും പശുക്കളും ഒക്കെയായി അയാളുടെ കൊച്ചു സ്വർഗം. വീട്ടിൽ പിതാവ് ജർമിയാസ് (തിലകൻ), മാതാവ് (പൊന്നമ്മ) തുടങ്ങി നിരവധി പേരുമുണ്ട്.
തന്റെ ജീവനായി പോറ്റുന്ന ഫാമിനു വിലപറയാൻ ഭൂ മാഫിയ എത്തുന്നതോടെയാണു ആ സ്വർഗത്തിൽ അസ്വസ്തതകൾ ഉണ്ടാകുന്നത്. ആലുവാ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് വമ്പൻ പൊന്നും വില നൽകാമെന്നു പറഞ്ഞിട്ടും മാത്യൂസ് ഭൂമി വിട്ട് നൽകുന്നില്ല. ചുറ്റുമുള്ള മറ്റ് വസ്തുക്കൾ ചാണ്ടി നേരത്തെ വാങ്ങി കഴിഞ്ഞിരുന്നു. ആ മേഖലയിൽ ഒരു township പണിയുകയാണു ലക്ഷ്യമെന്നു നാട്ടുകാരെ പറഞ്ഞു പറ്റിക്കാൻ ചാണ്ടിക്കു കഴിയുന്നു. അതോടെ നാട്ടുകാരും മാത്യൂസിനും കുടുംബതിനും എതിരാകുന്നു. കൂടാതെ ജെർമിയാസിനെ കള്ളകേസിൽ കുടുക്കാനും ചാണ്ടിയുടെ സ്വാധീനത്തിനു കഴിയുന്നു. പിതാവിനു അപകടം ഉണ്ടാകുമെന്ന് മനസിലാകുന്നതോടെ മാത്യൂസ് ഭൂമിയേയും പിതാവിനെയും സംരക്ഷിക്കാൻ പോരാട്ടം തുടങ്ങുന്നു…!!
ലളിതമായ ആഖ്യാന ശൈലിയാണു ചിത്രത്തിന്റെത്. റോഷന്റെ സംവിധാനവും മോശമല്ല. എന്നാൽ ചില രംഗങ്ങളെൻകിലും കൂടുതൽ മെച്ചമാക്കാമായിരുന്നു.
ആദ്യ പകുതിയിൽ ആണു അല്പം വേഗക്കുറവ് അനുഭവപ്പെടുന്നത്. ക്ലൈമാക്സിനോട് അനുബന്ധിച്ച് കൂടുതൽ വേഗം തോന്നാൻ അല്പം ‘തരികിട’കൾ മാത്യൂസ് കാട്ടിക്കൂട്ടുന്നത് സിനിമയുടെ മൊത്തത്തിലുള്ള താളത്തിനെ ബാധിക്കുന്നുണ്ട്.
മോഹൻലാലിൽ നിന്നു ലാളിത്യം ഉള്ള ഒരു നായകനെ കിട്ടിയതാണു ഈ ചിത്രതിന്റെ ഏറ്റവും വല്ല്യ മേന്മ. മാത്യൂസ് ഒരു തവണ മാത്രമെ ക്രോധാകുലനാകുന്നുള്ളൂ.. അതാകട്ടെ, പിതാവിനെ സംരക്ഷിക്കാൻ വേണ്ടിയും.
നായിക ലക്ഷ്മി റായി കഥയിൽ നിർണായകമാണെൻകിലും അഭിനയ പ്രാധാന്യം ഒന്നുമില്ല. പ്രിയങ്കയുടെ റ്റി വി റിപോർട്ടർ നല്ല റോൾ ആണ്.
തിലകൻ ആദ്യമൊക്കെ സജീവമാണെൻകിലും പകുതിക്കു ശേഷം വല്ല്യ പ്രാധാന്യമില്ല.
ഇടവേളക്കു ശേഷം എത്തുന്ന ശ്രീനിവാസന്റെ കോശി നന്നായി.!! ജഗതി, ശൻകർ, ലാലു അലക്സ് എന്നിവരും മോശമാക്കിയില്ല.
ആദ്യ പകുതി BGM പതിഞ്ഞ താളത്തിൽ ആയിരുന്നെൻകിലും ഇടവേളക്കു ശേഷം സജീവമാകുന്നുണ്ട്. ആവശ്യമില്ലാതെ ഗാനങ്ങൾ ചേർക്കാത്തത് നന്നായി.
അഭിപ്രായം:
കോലാഹലങ്ങൾക്കിടയിൽ മണ്ണിനും പ്രക്രുതിക്കും വേണ്ടി ജീവിതം സമർപ്പിച്ച ഒരു കർഷകൻ മാഫിയകൾക്കും അധിനിവേശത്തിനും എതിരായി നടത്തുന്ന ഒറ്റയാൾ പോരാട്ടം.
മണ്ണിന്റെ മണമുള്ള എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല…ക്ല്ലീഷെ ആയിപോകും…എന്നാലും ഏതാണ്ട് അതു പോലെയൊക്കെ ഉള്ള ഒരു ലളിതമായ ചിത്രം.!
My rating: 3.25/5
No comments:
Post a Comment