Sunday, January 24, 2010

Body guard review: average entertainer





ബോഡി ഗാര്‍ഡ്: ശരാശരി എന്റര്‍ റെയ്‌നര്‍

ദിലീപിനെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് ശരാശരിക്കു മുകളില്‍ നിലവാരം ഉള്ള എന്റര്‍റെയ്‌നര്‍ ആണ്. സിദ്ദിക്കില്‍ നിന്നോ ദിലീപില്‍ നിന്നോ പ്രതീക്ഷിക്കുന്ന തരത്തില്‍ ഒരു മുഴുനീള ഹാസ്യ ചിത്രമല്ല ഇതെന്നതാണ് ആദ്യാവസാനം പൊട്ടിച്ചിരി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരു പരിധി വരെ നിരാശരാക്കുന്നത്. ഒരു റൊമാന്റിക് കോമഡി ഒരുക്കാനാണ് സിദ്ധിക്ക് ശ്രമിച്ചത്, എന്നാല്‍ ആ ഉദ്യമത്തില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചിട്ടുമില്ല എന്നതാണ് പ്രധാന പോരായ്മ.

കഥാസാരം:
ചെറുപ്പം മുതലേ ഭയം എന്തെന്നറിയാത്ത ബാലന്‍ ആണ് ജയകൃഷ്ണന്‍. കരുത്തിലൂടെ എന്തും നേടാം എന്നാ വിശ്വാസത്തില്‍ ഒരു ബോഡി ഗാര്‍ഡ് ആയി മാറുക അവന്‍ തന്റെ ലക്ഷ്യമാക്കി. വളര്‍ന്നപ്പോഴും (ദിലീപ്) ഈ യുവാവിന്റെ മനസ്സില്‍ ഇതായിരുന്നു ലക്ഷ്യം. അങ്ങനെ ആണ് അവന്‍ മുന്‍കാല ചട്ടംബിയും ഇപ്പോള്‍ പുന്നയൂര്കാവില്‍ എല്ലാരും ബഹുമാനിക്കുന്നവനും ആയ അശോകേട്ടന്റെ (ത്യാഗരാജന്‍) വീട്ടില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് ആകാന്‍ ആഗ്രഹിച്ചു എത്തുന്ന അയാള്‍ക്ക് ഒരവസരത്തില്‍ അശോകെട്ടനെയും കുടുംബത്തെയും ഒരു ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നു. തുടര്‍ന്ന് അശോകന്റെ മകള്‍ അമ്മു (നയന്‍ താര) വിന്റെ ജീവന്‍ സംരക്ഷിക്കാന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു. കോളേജില്‍ അമ്മുവിന്റെ മേല്‍നോട്ടത്തിനായി അവള്‍ക്കൊപ്പം പഠിക്കാനും ചേരുന്നു. പിന്നെടങ്ങോട്ടുള്ള രസകരവും പ്രണയാര്‍ദ്രവും പിരിമുറുക്കം നിറഞ്ഞതുമായ സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു...

അഭിനയം:
ദിലീപ്: നായകനെ അവതരിപ്പിക്കുന്ന രംഗം ബോര്‍ ആയിരുന്നു..തുടര്‍ന്നുള്ള ബാറിലെ ഫൈറ്റും. പിന്നീട് കോളേജിലെ ചില നമ്പരുകളില്‍ ദിലീപ് നന്നായി. പൊതുവേ ദിലീപിന്റെ കോമഡി ചിത്രങ്ങളില്‍ കാണുന്ന മെയ് വഴക്കം ഇതില്‍ കണ്ടില്ല. എങ്കിലും മോശമാക്കിയില്ല.
നയന്‍താര: കാണാന്‍ നന്നായിരുന്നു. അഭിനയത്തില്‍ പുരോഗതി ഇല്ല. നായികക്ക് നല്ല പ്രാധാന്യം ചിത്രത്തില്‍ ഉണ്ട്.
ത്യാഗരാജന്‍: നല്ല ഗെറ്റ് അപ്പ് ആയിരുന്നു. സംഭാഷണം/ ഡബ്ബിംഗ് എന്നിവയില്‍ എന്തോ അപാകത തോന്നുന്നു. ഇത് കൂടുതല്‍ മെച്ചപെടുതാമായിരുന്നു.
പക്രു: ആദ്യം കാണിച്ചപ്പോള്‍ ഏറ്റവും അധികം കയ്യടി കിട്ടിയത് പക്രുവിനാണ്. ഇടയ്ക്കിടയ്ക്ക് വരുമ്പോള്‍ ചില നല്ല വിറ്റുകള്‍ ഉണ്ട്.
മിത്ര: കൂടെ നടന്നാല്‍ മതി. അധികം അഭിനയിക്കാന്‍ ഇല്ല. അത് കൊണ്ട് ആ വേഷം ഭംഗിയാക്കി.
ബാക്കി അഭിനേതാക്കള്‍ കുഴപ്പമില്ല.

തിരക്കഥ, സംവിധാനം:
വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ പടം ചെയ്യുന്നതിന്റെ ഒരു ചെറിയ കൈ വിറയല്‍ സിദ്ദിക്കിന് ഉള്ളതായി തോന്നി. ഫുള്‍ കോമഡി സിനിമകളില്‍ നിന്ന് മാറി പ്രണയത്തിനും മറ്റും പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരക്കഥയില്‍ പലയിടത്തും കൈ അയഞ്ഞു പോയി. ഇടവേളയ്ക്കു ശേഷം ചില രംഗങ്ങള്‍ നീണ്ടു പോയതായി തോന്നി. പിന്നെ ക്ലൈ മാക്‌സിലെ ചില വൈകാരിക രംഗങ്ങളും. ക്ലൈമാക്‌സിലെ ചില രംഗങ്ങള്‍ ക്ലീഷേ ആയും തോന്നും. ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ ഉള്ളത് ഇടവേളയ്ക്കു ശേഷം ബോര്‍ ആക്കാതെ രക്ഷപെടുത്തി. എങ്കിലും മൊത്തത്തില്‍ ഉള്ള പേര് വല്ല്യ തോതില്‍ കളയാതെ സിദ്ധിക്ക് പിടിച്ചു നിന്നതായി തോന്നി.

ഗാനങ്ങള്‍:
രണ്ടു പാട്ടുകള്‍ കൊള്ളാം. അവ സിനിമയില്‍ വന്നതും അനുയോജ്യമായ സ്ഥലങ്ങളില്‍ തന്നെ..ബാകി ഉള്ളവ ഏച്ചു കെട്ടിയ ഗാനങ്ങള്‍ ആയി.

അഭിപ്രായം:
ശരാശരി ചിത്രം എന്ന നിലക്ക് മോശമല്ലാതെ കണ്ടിരിക്കാം, എന്നാല്‍ സിദ്ധിക്കിന്റെ മുന്‍കാല ചിത്രങ്ങളെ പോലെ മുഴുനീള ഹാസ്യം പ്രതീക്ഷിച്ചാല്‍ നിരാശരാകും.

തീയറ്റര്‍ അനുഭവം:
യുവാക്കള്‍ കൂടുതല്‍ ആയിരുന്നു. എങ്കിലും കൂവല്‍ ഒരു രംഗത്തിനും കിട്ടിയില്ല എന്നത് നല്ല അടയാളം ആയി തോന്നി.

മാര്‍ക്ക്:
അഞ്ചില്‍ രണ്ടേമുക്കാല്‍ നല്‍കാം.

No comments:

Post a Comment