Thursday, December 10, 2009

ഗുലുമാല്‍: തട്ടിപ്പിന്റെ ചടുലത



ഗുലുമാല്‍: തട്ടിപ്പിന്റെ ചടുലത

വി കെ പ്രകാശിന്റെ ആദ്യ കോമഡി സംരംഭം ആയ 'ഗുലുമാല്‍' അതിലെ മുഖ്യ കഥാപാത്രങ്ങളുടെ പ്രകടനമികവ് കൊണ്ടും വേഗം കൊണ്ടും ആസ്വദിച്ചു കണ്ടിരിക്കാവുന്ന സ്ലാപ്‌സ്ടിക് ചിത്രമാണ്. രണ്ടു യുവാക്കള്‍ ജീവിക്കാനായി കാട്ടി കൂട്ടുന്ന തട്ടിപ്പുകള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രകാശ് ഈ ചിത്രത്തിലൂടെ. കുറെ ഏറെ രംഗങ്ങള്‍ ആവശ്യമില്ലാതെ തമാശക്കായി തിരുകി കയറ്റിയത് ആസ്വാദനത്തില്‍ കല്ലുകടി ആകുന്നുണ്ട്. എന്നാല്‍ മൊത്തത്തില്‍ ചിത്രം കണ്ടിരിക്കാനും യുക്തി ഒന്നും നോക്കാതെ ഇടക്കെങ്കിലും പൊട്ടി ചിരിക്കാനും അവസരം ഒരുക്കുന്നുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം.
കള്ള കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന അച്ഛനെ (നെടുമുടി വേണു) രക്ഷിക്കാന്‍ എന്തു വഴിയും പയറ്റി നോക്കാന്‍ ഇറങ്ങിത്തിരിച്ച യുവാവാണ് രവി വര്‍മ (കുഞ്ചാക്കോ). ഇയാള്‍ തട്ടിപ്പില്‍ പ്രാവീണ്യം നേടിയ ജെറി (ജയസുര്യ) യുമായി കൂട്ട് കൂടി നാട്ടുകാരെ പറ്റിക്കല്‍ ആരഭിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. ചില്ലറ തട്ടിപ്പുകള്‍ നടത്തി വരവേ അവരുടെ മുന്നില്‍ ഒരു വമ്പന്‍ പദ്ധതി വരുന്നു..ആ പദ്ധതിയിലൂടെ ഒരു വന്‍ പ്രവാസി ബിസിനസ്സുകാരനെ പറ്റിച്ചു വന്‍ തുക ഒപ്പിച്ചു തങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇറങ്ങുന്നതോടെ കഥ സങ്കീര്‍ണം ആകുന്നു . ഇതിനിടെ ഒട്ടേറെ വഴിത്തിരിവുകള്‍ കഥയില്‍ വരുന്നു..ഒടുവില്‍ ഒരു വന്‍ വഴിത്തിരിവില്‍ കഥ അവസാനിക്കുന്നു..പ്രതീക്ഷിച്ച പോലെ ശുഭ പര്യവസായി ആയി..!!

തട്ടിപ്പുകളില്‍ നിന്ന് തട്ടിപ്പുകളിലെക്കുള്ള രവിയുടെയും ജെറിയുടെയും നെട്ടോട്ടം, ഇടയ്ക്കു പരസ്പരം ചില പാരകള്‍.. രംഗം കൊഴുപ്പിക്കാന്‍ ഇവരുടെ പിന്നാലെ മണ്ടനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ശംഭുവും (സുരാജ്) കോണ്‍സ്ടബിലും (ബിജുകുട്ടന്‍). ഇതാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങള്‍. തട്ടിപ്പുകളും പോലീസിന്റെ വിക്രിയകളും ബാലരമ നിലവാരം ആണെങ്കിലും രംഗങ്ങളുടെ ചടുലത കാരണം അത്ര മുഷിപ്പിക്കില്ല. സുരാജ് ബിജുക്കുട്ടന്‍ ടീമിന്റെ പല രംഗങ്ങളും തമാശക്ക് വേണ്ടിയുള്ള തമാശ എന്ന് തന്നെ അനുഭവപെടും..എന്നാല്‍ ചിലവ സൂപ്പര്‍ ആയി കാണികള്‍ ആസ്വദിക്കും. ഗാനങ്ങളില്‍ ഗുലുമാല്‍, തരികിട എന്നിവ ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിനു ചേരുന്നുണ്ട്. മറ്റു രണ്ടു ഗാനങ്ങള്‍ സുഖം തോന്നില്ല.

കുഞ്ചാക്കോ ബോബന്‍ മോശമാക്കിയില്ല. പാവത്തിന് ആശ്വാസത്തോടെ ഒരു തിരിച്ചു വരവിനു ഈ സിനിമ വഴിവെക്കും എന്ന് പ്രതീക്ഷിക്കാം. ജയസൂര്യ പതിവ് പോലെ തട്ടിപ്പ് വേഷത്തില്‍ നന്നായി കസറി. (നെഗടീവ് ടെച് ഉള്ള വേഷത്തില്‍ ജയസൂര്യ ഇതാദ്യമല്ലല്ലോ) നായിക സൈറ (മിത്ര) ക്ക് കാര്യമായി അഭിനയിക്കാന്‍ ഒന്നുമില്ല.

പൊതുവേ വി കെ പി ചിത്രങ്ങള്‍ക്ക് ദൃശ്യ ഭംഗി കൂടുതല്‍ ആയിരിക്കും..ഇതിനു അത്ര ഭംഗി തോന്നിയില്ല...(ലളിതമായി എച് ഡി ക്യാമറയില്‍ എടുത്തത് കൊണ്ടാകണം.)

മൊത്തത്തില്‍ വെറുതെ വേറൊന്നും ചിന്തിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഗുലുമാല്‍. ഇതേ രംഗങ്ങള്‍ തന്നെ കൂടുതല്‍ നന്നായി എടുക്കാമായിരുന്നു എന്നും കാണുമ്പോള്‍ തോന്നി പോകും. പ്രേക്ഷകര്‍ വെറുക്കാതെ തീയറ്ററില്‍ നിന്ന് ഇറങ്ങി പോകുന്നു എന്നുള്ളത് കൊണ്ട് ഈ ആവറേജ് ചിത്രം ഹിറ്റ് ആകുമെന്ന് തന്നെ കരുതാം.

No comments:

Post a Comment